Friday, August 6, 2010

ആയിഷയുടെ ആദ്യ അഭിമുഖം പുറത്തുവന്നു.

കാബൂള്‍: അഫ്ഗാന്‍ ദുരവസ്ഥയുടെ പ്രതീകമായി ടൈം മാഗസിന്‍ കവര്‍ചിത്രമാക്കിയ അയിഷയെന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വിശദ അഭിമുഖം പുറത്തുവന്നു. ആയിഷ എന്ന പേരിനപ്പുറം കൂടുതലൊന്നും പുറത്തറിയാതിരുന്ന പെണ്‍കുട്ടിയെ 'ന്യൂയോര്‍ക് ടൈംസ്' ലേഖകന്‍ റോഡ് നോര്‍ദ്‌ലാന്റാണ് അഫ്ഗാനിലെ വനിതാ പുനരധിവാസകേന്ദ്രത്തില്‍ കണ്ടെത്തിയത്. തന്റെ കവര്‍ ചിത്രവുമായി ബന്ധപ്പെട്ട് ലോകത്ത് വാദപ്രതിവാദങ്ങള്‍ നടക്കുന്നതറിയാതെ പെണ്‍കുട്ടി ചികില്‍സക്കായി യു.എസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് അഭിമുഖത്തിന് തയാറായത്. 


അഫ്ഗാന്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'വിമന്‍ ഫോര്‍ അഫ്ഗാന്‍ വിമന്‍' എന്ന സന്നദ്ധ സംഘടന കാബൂളിനടുത്ത് നടത്തുന്ന രഹസ്യസങ്കേതത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 10 മാസമായി ഇവിടെ കഴിയുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ചികില്‍സയിലൂടെ, തന്റെ മൂക്കും ചെവികളും പഴയ സ്ഥിതിയിലാവണമെന്ന പ്രാര്‍ഥനയേ തനിക്കുള്ളൂ എന്നും അവള്‍ പറഞ്ഞു. ഉറുസ്ഗാന്‍ പ്രവിശ്യയിലെ സാധാരണ കുടുംബാംഗമാണ് താനെന്ന് പെണ്‍കുട്ടി പറഞ്ഞു. ആയിഷ എന്നാണ്  പേര്. അമ്മാവന്‍ ഒരാളെ യാദൃച്ഛികമായി വധിച്ചതിനെതുടര്‍ന്നാണ് കഷ്ടകാലം തുടങ്ങുന്നത്. ദയാധനം നല്‍കാത്തതിനെ തുടര്‍ന്ന്   തന്നെയും അനിയത്തിയെയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി. പ്രദേശത്തെ താലിബാന്‍ നേതാവിന്റെ വീടായിരുന്നു അത്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഗോത്രരീതിയാണത്. അന്ന് 12 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ താലിബാന്‍ നേതാവ് തന്നെ വിവാഹം ചെയ്തു. ഏറെക്കാലവും ഒളിവിലായിരുന്നു. ഭര്‍തൃവീട്ടുകാര്‍ അടിമയെപ്പോലെയാണ് തന്നോടും അനിയത്തിയോടും പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. 


പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം കാന്തഹാര്‍ പ്രവിശ്യയില്‍ വെച്ച് ഭര്‍ത്താവ് പിടികൂടി ഉറുസ്ഗാനില്‍ കൊണ്ടുവന്നു. അവിടെവെച്ചാണ് ഇരുചെവികളും മൂക്കും അരിഞ്ഞത്. രക്തത്തില്‍ കുളിച്ച തന്നെ ആരോ രക്ഷപ്പെടുത്തി. യു.എസ് സന്നദ്ധ പ്രവര്‍ത്തകരാണ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. ചികില്‍സക്കു ശേഷമാണ് മാനസികാരോഗ്യം തിരിച്ചുകിട്ടിയത്. 'ടൈം' പ്രവര്‍ത്തകരുടെ താല്‍പര്യപ്രകാരമാണ് യു.എസിലെ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. 14മാസം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് അമേരിക്കയിലേക്ക് തിരിച്ചത്. 10 വയസ്സുകാരി അനുജത്തിയുടെ കാര്യമോര്‍ത്താണ് ഭയമെന്ന് ആയിഷ പറഞ്ഞു. 'അവളിപ്പോഴും അവരുടെ വീട്ടിലാണ്. അവര്‍ എല്ലാ വെറുപ്പും അവളില്‍ തീര്‍ക്കും. എന്റെ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടിയെ പകരം ആവശ്യപ്പെടാനും സാധ്യതയുണ്ട് - അവള്‍ പറയുന്നു. 

Tuesday, July 27, 2010

മാതൃ സ്നേഹം മക്കളുടെ സമ്മര്‍ദമകറ്റുമെന്ന്


Tuesday, July 27, 2010
ലണ്ടന്‍: അമ്മയുടെ ലാളന മക്കളെ വഷളാക്കുമെന്ന് ഭയക്കുന്നുണ്ടോ? എങ്കില്‍ ഇതാ പുതിയ വിവരം. ഭാവിയില്‍ മക്കളുടെ ജീവിതത്തിലുണ്ടാവുന്ന സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ അമ്മമാരുടെ സ്‌നേഹ ലാളനകള്‍ സഹായകമാവുമെന്ന് പഠനം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതൃസ്‌നേഹത്തിന്റെ നല്ലൊരളവ് കിട്ടിയ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരാണെന്നും കണ്ടെത്തി.

സാമൂഹിക ബന്ധങ്ങളില്‍ മികവു പുലര്‍ത്തുന്നവരും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നവരുമാണ് ഇവര്‍. ലണ്ടനിലെ ഡെയിലി മെയില്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വകലാശാലയിലെ ഡോക്ടര്‍ ജോവന്ന മസേല്‍കോയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.

എട്ടു മാസം പ്രായമുള്ള 482 കുട്ടികളെയാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. അമ്മമാരൊത്തുള്ള അവരുടെ ശൈശവാവസ്ഥയും അതിനുശേഷമുള്ള ബാല്യവും കൗമാരവും തുടര്‍ച്ചയായി നിരീക്ഷിച്ചു. അമ്മയുടെ ലാളനയെ ദുര്‍ബലം, അതിരുകവിഞ്ഞത് എന്നിങ്ങനെ രണ്ട് പട്ടികകളിലായി വര്‍ഗീകരിച്ചാണ് പഠന വിധേയമാക്കിയത്. ഉത്കണ്ഠ,ശത്രുത, വിഷാദം തുടങ്ങിയ വികാരങ്ങള്‍ കൂടുതല്‍ സ്‌നേഹം ലഭിച്ചവരില്‍ കുറഞ്ഞ അളവിലാണെന്നും കണ്ടെത്തി.

Tuesday, July 20, 2010

ചെന്നൈയില്‍ മലയാളി ബാലനെ പിതാവിന്റെ കാമുകി കൊന്ന് പെട്ടിയിലടച്ച് അഴുക്കുചാലില്‍ തള്ളി


Wednesday, July 21, 2010
ചെന്നൈ: നാലു വയസ്സുള്ള മലയാളി ബാലനെ കൊന്ന് സൂട്ട്‌കേസിലാക്കി 300 കിലോമീറ്റര്‍ അകലെ അഴുക്കുചാലില്‍ തള്ളിയ തമിഴ്‌നാട്ടുകാരി അറസ്റ്റിലായി. ചെന്നൈ ത്യാഗരാജനഗറിലെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും ഭാര്യ ആനന്ദലക്ഷ്മിയുടെയും മൂത്ത മകന്‍ ആദിത്യയാണ് കൊല്ലപ്പെട്ടത്. ജയകുമാറിന്റെ ഓഫിസിലെ ജീവനക്കാരി വെല്ലൂര്‍ ആരണി സ്വദേശിനി പൂവരശി(30) ആണ് കൊല നടത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും  പൊലീസ് അറിയിച്ചു. പൂവരശിയുടെ വിവാഹാഭ്യര്‍ഥന കാമുകനായ ജയകുമാര്‍ നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലക്കു കാരണം.

സ്‌കൂള്‍ അവധിയായതിനാല്‍ ശനിയാഴ്ച ജയകുമാറിനൊപ്പം ഓഫിസിലെത്തിയ ആദിത്യയെ തന്റെ ഹോസ്റ്റല്‍ വാര്‍ഷികാഘോഷം കാണിക്കാമെന്നു പറഞ്ഞ് പൂവരശി കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരമായിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ജയകുമാര്‍ പൂവരശി താമസിക്കുന്ന ഹോസ്റ്റലിലെത്തി. റോഡില്‍ മയങ്ങിവീണ പൂവരശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹോസ്റ്റലിലുള്ളവര്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ ജയകുമാറിനോട് താന്‍ കുട്ടിയെയും കൂട്ടി ബ്രോഡ്‌വേയിലൂടെ നടക്കുമ്പോള്‍ മയങ്ങിവീണെന്നും കുട്ടിക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പൂവരശി പറഞ്ഞു. തുടര്‍ന്ന് ഇരുവരും കുട്ടിയെ കാണാനില്ലെന്നു കാണിച്ച്  പൊലീസില്‍ പരാതി നല്‍കി.
ഞായറാഴ്ച നാഗപട്ടണം ബസ്‌സ്റ്റാന്‍ഡിനടുത്ത് അഴുക്കുചാലില്‍ സൂട്ട്‌കേസിലാക്കിയ നിലയില്‍ നാലു വയസ്സുകാരന്റെ ജഡം ലഭിച്ചു. മാതാവ് ആനന്ദലക്ഷ്മി എത്തി ജഡം തിരിച്ചറിഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എം.എസ്‌സി ബിരുദധാരിണിയായ പൂവരശി നേരത്തേ ചെന്നൈയിലെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ മേലധികാരിയായ ജയകുമാറുമായി പ്രണയത്തിലായി. പിന്നീട് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പുതിയ സ്ഥാപനത്തില്‍ ചേര്‍ന്ന ജയകുമാര്‍ ചെന്നൈയിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ആനന്ദലക്ഷ്മിയെ വിവാഹം കഴിച്ചു.
ആദ്യ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട പൂവരശി സ്വദേശമായ ആരണിയിലേക്ക് മടങ്ങി. തുടര്‍ന്ന് ഏതാനും വര്‍ഷം ഇരുവരുമായും ബന്ധമുണ്ടായിരുന്നില്ല. ഏതാനും മാസം മുമ്പ് ഇരുവരും വീണ്ടും സെല്‍ഫോണില്‍ ബന്ധപ്പെട്ടുതുടങ്ങി. വീണ്ടും ചെന്നൈയിലെത്തിയ പൂവരശിക്ക്  ജയകുമാര്‍ തന്റെ സ്ഥാപനത്തില്‍ ജോലി ശരിയാക്കി. പൂവരശിയെ രണ്ടാം വിവാഹം കഴിക്കാമെന്ന് ജയകുമാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍, പൂവരശി വിവാഹത്തിന് തിടുക്കം കൂട്ടിയതോടെ ജയകുമാര്‍ കൈയൊഴിഞ്ഞു.

മക്കളായ ആദിത്യയോടും നിവേദിതയോടുമുള്ള സ്‌നേഹം മൂലമാണ് ജയകുമാര്‍ തന്നെ കൈയൊഴിഞ്ഞതെന്ന് ധരിച്ച പൂവരശി ആദിത്യയെ കൊല്ലാന്‍ തീരുമാനിച്ചു. ശനിയാഴ്ച കുട്ടിയെയും കൊണ്ട് ഹോസ്റ്റല്‍ മുറിയിലെത്തി കഴുത്തില്‍ കയറിട്ടു മുറുക്കി കൊന്നു. തിരിച്ചറിയാതിരിക്കാന്‍ ജഡത്തിന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തു. പിന്നീട് തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി. വികൃതമായ ജഡം സൂട്ട്‌കേസിലടച്ച് മുറിയില്‍ സൂക്ഷിച്ചു. ശേഷം ബ്രോഡ്‌വേയിലെത്തിയ പൂവരശി റോഡില്‍ മയങ്ങിവീണതായി അഭിനയിച്ചു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പൂവരശിയും ജയകുമാറിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി.

രാത്രി 11 മണിയോടെ ഹോസ്റ്റലില്‍ മടങ്ങിയെത്തിയ പൂവരശി ജഡം അടങ്ങിയ സൂട്ട്‌കേസുമായി അപ്പോള്‍തന്നെ ഓട്ടോറിക്ഷയില്‍ കോയമ്പേട് ബസ്‌സ്റ്റാന്‍ഡിലെത്തി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നാഗപട്ടണത്തെത്തി സൂട്ട്‌കേസ് അഴുക്കുചാലില്‍ ഉപേക്ഷിച്ചു. അന്നു രാത്രിതന്നെ ചെന്നൈയില്‍ മടങ്ങിയെത്തിയ പൂവരശി പിറ്റേന്ന് ജയകുമാറിനൊപ്പം കുട്ടിക്കുവേണ്ടിയുള്ള തെരച്ചിലിലും പങ്കാളിയായി. ഇന്നലെ പൊലീസ് ചോദ്യം ചെയ്യലില്‍ പൂവരശി കൂസലില്ലാതെ കുറ്റസമ്മതം നടത്തി. പൂവരശിയെ നാഗപട്ടണം പൊലീസിന് കൈമാറുമെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.

അക്ബറലി പുതുനഗരം
.

Saturday, July 17, 2010

റെക്കോഡിട്ട് രണ്ടാംവര്‍ഷം ഷെയ്‌ല മരണക്കിടക്കയില്‍(മാധ്യമം )Sunday, July 18, 2010
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സ്തനങ്ങള്‍ക്കുടമയാവാന്‍ 30 ലേറെ ശസ്ത്രക്രിയകള്‍ നടത്തിയ ബ്രസീലിയന്‍ പരസ്യ മോഡല്‍ മരണത്തോട് മല്ലിടുന്നു. ഇക്കാര്യത്തില്‍ നിലവിലെ റെക്കോഡിന് ഉടമയായ ഷെയ്‌ല ഹെര്‍ഷെയാണ് ബ്രസീല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായത്.
സ്തനങ്ങള്‍ വലുതാക്കാനുള്ള സിലിക്കണ്‍ ശസ്ത്രക്രിയ മുപ്പതാമതും ചെയ്തതിനെ തുടര്‍ന്ന് അണുബാധ ഷെയ്‌ലയുടെ ജീവന് ഭീഷണിയായിട്ടുണ്ട്.
സ്തനങ്ങളിലെ സിലിക്കണ്‍ അംശങ്ങള്‍ ഉടന്‍ നീക്കംചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇരു സ്തനങ്ങളും നീക്കം ചെയ്യേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി
2008 മേയ് മാസമാണ് ഷെയ്‌ല റെക്കോഡ് സൃഷ്ടിച്ചത്. രണ്ടു വര്‍ഷത്തിനകം അവരുടെ ജീവന്‍തന്നെ അപകടത്തിലായി. സ്തനവലുപ്പം കൂട്ടുന്നതിനുള്ള സിലിക്കണ്‍ ചികില്‍സ മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

പ്രഫ. ജോസഫിന് തുറന്ന കത്ത്‌

Friday, July 16, 2010   (മാധ്യമം)പ്രിയപ്പെട്ട പ്രഫ. ജോസഫ്,
താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദുഃഖിക്കുന്നു, ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നതുകേള്‍ക്കാന്‍ ആരും തയാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്‌മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ് 'മുഹമ്മദ്' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ് ഒരു സാധാരണ പൗരനല്ല. അറിവും വിവേകവും ലോക പരിചയവും യുക്തിബോധവുമെല്ലാമുള്ള കോളജ് പ്രഫസറാണ്. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് നബി സ്‌നേഹ പ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്‌ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈവിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്നു വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ഠിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുകയാണുണ്ടായതെന്ന് താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തില്‍പ്പെട്ടവരായതിനാല്‍ ആ മതത്തില്‍പ്പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്‌ലാം മതക്കാരുടെ 'പടച്ചോനെ' തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് ആ മതക്കാരുടെ പ്രവാചകനാണെന്ന  അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയാറാകുമോ? ദൈവത്തിന് 'നായിന്റെമോനേ' എന്നു വിളിക്കാനായി തോമസ്, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയാറാകുമോ?

ഈശ്വര വിശ്വാസം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെ മോനേ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പറഞ്ഞ മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ് പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളുമടങ്ങുന്ന ക്രൈസ്തവ സംസ്‌കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?

ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയാറാക്കിയ പ്രവാചക നിന്ദയുള്‍പ്പെടെ മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിങ്ടണിന്റെ 'ക്രൈസ്തവ ഇസ്‌ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്‌ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ ഭീകരതാണ്ഡവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലൗജിഹാദ്, പ്രവാചക നിന്ദ, മഫ്ത ധരിക്കല്‍ പ്രശ്‌നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൗ ജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണക്കഥ തികഞ്ഞ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവ കേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്‌ലിം പള്ളി മിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിച്ചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളേയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ മുസ്‌ലിം സംഘടനകളുടെ തലയില്‍ കെട്ടിവെച്ചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്‌ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീചപ്രവൃത്തികളാണവയെന്ന് തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny-(ന്യൂയോര്‍ക്ക്) 11427, U.S.A. പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication P.B 47, Ankamali, Kerala 683572.
ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ഞാന്‍ പറഞ്ഞത്.
ഇത്രയുമെഴുതിയത് താങ്കള്‍ക്കുനേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഡോ. എം.എസ്. ജയപ്രകാശ്
ഗുല്‍വിഹാര്‍, കൊല്ലം
.

Friday, July 16, 2010

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
കൊച്ചി: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈയിലെ ഗസ്റ് ഹൌസ് ഉടമയുമായ ഷംസുദ്ദീനെ മുംബൈയില്‍ കാണാതായ സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഷംസുദ്ദീന്റെ ഭാര്യ കുമ്പള പേരാലിലെ ഖൈറുന്നീസ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റീസുമാരായ ആര്‍ ബസന്ത്, എം.സി ഹരിറാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് തീരുമാനം. രണ്ടുവര്‍ഷം മുമ്പാണ്‌ ഷംസുദ്ദീനെ മുംബൈ വി.ടി.യിലെ എം.എം.ആര്‍. മാര്‍ഗ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്‌. മുംബൈയില്‍ ഗസ്റ്റ്‌ ഹൗസും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു ഷംസുദ്ദീന്‍. ചിലരില്‍ നിന്നും കുറച്ച്‌ പണം കിട്ടാനുണ്ടെന്നു പറഞ്ഞാണ്‌ ഷംസുദ്ദീന്‍ താമസസ്ഥലത്തുനിന്നും പോയത്‌. പിന്നീട്‌ തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച്‌ കൂടെയുള്ള ബന്ധുക്കള്‍ സി.ടി. എം.എം.ആര്‍. മാര്‍ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കുറച്ചുനാള്‍ മുമ്പ് ഷംസുദീനെ മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കേസിലെ എതിര്‍ കക്ഷിയായ അബ്ദുള്‍ റഹ്മാനും കൂട്ടാളികളും ഷംസുദ്ദീനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി സംശയിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടുപിടിക്കാനാവാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് ഹര്‍ജിക്കാരി ആവ ശ്യപ്പെട്ടിരുന്നു.

Thursday, July 15, 2010

രൂപക്ക് സ്വന്തം ചിഹ്‌നംFriday, July 16, 2010
ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപക്ക് ഡോളറിനും മറ്റുമെന്നപോലെ സ്വന്തം ചിഹ്‌നം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ രൂപയെ ചിഹ്‌നം കൊണ്ട് വേറിട്ടു സൂചിപ്പിക്കാന്‍ കഴിയുന്ന വിധം തയാറാക്കിയ ചിഹ്‌നം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വേറിട്ട ചിഹ്‌നമുള്ള ലോകത്തെ അഞ്ചാമത്തെ കറന്‍സിയായി ഇതോടെ ഇന്ത്യന്‍ രൂപ മാറും. 
ദേവനാഗരിയിലെ 'ര'(ര)യും റോമന്‍ ലിപിയിലെ 'ആറും' (R) സംയോജിപ്പിച്ച് ഐ.ഐ.ടി ബിരുദാനന്തര ബിരുദക്കാരനായ ഡി. ഉദയകുമാര്‍ തയാറാക്കിയ ചിഹ്‌നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടര ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നതിനൊപ്പം ഓരോ ഇന്ത്യന്‍ കറന്‍സിയും ഭാവിയില്‍ പുറത്തിറങ്ങുന്നത് ഉദയകുമാറിന്റെ ചിഹ്‌നം ആലേഖനം ചെയ്തായിരിക്കും. 3,000ഓളം ഡിസൈനുകളാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്. അവസാന ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട അഞ്ചു മാതൃകകളില്‍ ഒന്ന് തലശ്ശേരിക്കാരനായ കെ.കെ ഷിബിന്‍ തയാറാക്കിയതായിരുന്നു. അദ്ദേഹത്തിന് 25,000 രൂപ പ്രോത്‌സാഹന സമ്മാനമായി ലഭിക്കും. 
ഡോളറിന് പുറമെ, പൗണ്ട്, യൂറോ, യെന്‍ എന്നിവക്കാണ് സ്വന്തം ചിഹ്‌നമുള്ളത്. ഇന്ത്യന്‍ രൂപയും നാണയങ്ങളും പുതിയ ചിഹ്‌നത്തോടെ ആറു മാസത്തിനകം പുറത്തിറങ്ങുമെന്നും ആഗോള തലത്തില്‍ രണ്ടു കൊല്ലത്തിനകം പ്രചാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി വിശദീകരിച്ചു.  
പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കറന്‍സിയും രൂപയാണെന്നിരിക്കേ, ഇന്ത്യന്‍ രൂപ പുതിയ ചിഹ്‌നം കൊണ്ട് വേറിട്ടു നില്‍ക്കും.

ഇനിയും കാത്തിരിക്കണം
ന്യൂദല്‍ഹി: രൂപക്ക് ഒടുവില്‍ അഭിമാനിക്കാന്‍ ഒരു ചിഹ്‌നമായെങ്കിലും ഇതിന്റെ ഉപയോഗം സാധ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ആഗോളതലത്തില്‍ രൂപ ചിഹ്‌നം ഉപയോഗിച്ചു തുടങ്ങാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എന്നാല്‍, വലിയ കാത്തിരിപ്പൊന്നും കൂടാതെ വേണമെങ്കില്‍ ഇന്ത്യയില്‍ ഇത് ഉപയോഗിച്ചു തുടങ്ങാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ 'ഫോണ്ട്' നിര്‍മിക്കുന്നവര്‍ക്ക് ഇത് രൂപപ്പെടുത്താം. എന്നാല്‍, വ്യാപകമായ ഉപയോഗത്തിന് യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതി ഈ ചിഹ്‌നം അംഗീകരിക്കേണ്ടതുണ്ട്. രാജ്യാന്തര തലത്തില്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കുംവിധം വികസിപ്പിക്കുന്നതിനും ആഗോളതലത്തില്‍ ഉപയോഗിക്കുന്ന അക്കങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂനികോഡ് കണ്‍സോര്‍ട്യം. ഇന്ത്യ ഈ കണ്‍സോര്‍ട്യത്തില്‍ അംഗമായതിനാല്‍ രൂപയുടെ ചിഹ്‌നത്തിന് അംഗീകാരം ലഭിക്കുക പ്രയാസമുള്ള കാര്യമല്ല. 
എന്നാല്‍,  യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതിയുടെ അടുത്ത യോഗം ഒക്‌ടോബറിലാണ്. യൂനികോഡ് സമിതിയുടെ അംഗീകാരം  ലഭിച്ചാല്‍  രാജ്യാന്തര നിലവാരമായ ഐ.എസ്.ഒ/ ഐ.ഇ.എസ് 10646ലും ഉള്‍പ്പെടുത്തപ്പെടാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലെ നിലവിലെ പട്ടികയില്‍ ഭേദഗതി വരുത്തി കമ്പ്യൂട്ടര്‍ ലിപികളുടെ ഇന്ത്യന്‍ നിലവാരമായ ഇന്ത്യന്‍ സ്‌ക്രിപ്റ്റ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചിലും ഉള്‍പ്പെടുത്താം. 

ജീവന്റെ കുത്തും കോമയും


ജീവന്റെ കുത്തും കോമയും

Wednesday, July 14, 2010
പി.വി. യാസിര്‍, ദല്‍ഹി

മുന്‍വിധികളും കുല്‍സിത താല്‍പര്യങ്ങളും അധീശത്വം വാഴുമ്പോള്‍ പരസ്‌പരം അറിയാനും അടുക്കാനും അവസരങ്ങള്‍ അപ്രത്യക്ഷമാകും. നാലാം ലോക യുദ്ധത്തില്‍ അമ്പും വില്ലുമായിരിക്കും ആയുധമെന്ന് പറഞ്ഞ പ്രസിദ്ധനായ ആന്ത്രപോളജിസ്റ്റ് വളര്‍ച്ചയുടെ തളര്‍ച്ചയാണ് അടിവരയിടുന്നത്.

പ്രവാചകനിന്ദ ഏതോ കൊച്ചുവെളുപ്പാന്‍ കാലത്ത് ഒരു ഡെന്മാര്‍ക്ക് കാര്‍ട്ടൂണിസ്റ്റിന്റെ ബ്രഷിലോ റുഷ്ദിയുടെ സാത്താനികശബ്ദങ്ങളിലോ ന്യൂമാന്‍ കോളജിന്റെ മലയാളം ചോദ്യപേപ്പറിലോ തുടങ്ങിയതല്ല. പ്രവാചകന്റെ കാലം തൊട്ടേ ഉണ്ട്. എന്നാല്‍, അവയോരോന്നും പ്രവാചകന്റെ മഹനീയവ്യക്തിത്വത്തിന്റെ കനകാധ്യായങ്ങളിലെ വര്‍ണപ്പകിട്ടാര്‍ന്ന ചിത്രങ്ങളായിരുന്നു. സ്വന്തം പൂമേനിയിലേക്ക് ചവറ് വാരിയെറിഞ്ഞ പെണ്‍കുട്ടിയുടെ ദീനം ആരാഞ്ഞു, മുഹമ്മദ്‌നബി. മസ്ജിദുന്നബവിയില്‍ മൂത്രമൊഴിച്ച നാട്ടിന്‍പുറത്തുകാരനെതിരെ പ്രതികാരമരുതെന്ന് അനുചരന്മാരോട് കല്‍പിച്ചു. അങ്കം ജയിച്ച് വിജയശ്രീലാളിതരായി ചുവടുവെക്കവേ എതിരാളികളുടെ ശിരസ്സുകള്‍ക്കു മുകളില്‍ താണ്ഡവമാടിയ പടയോട്ടങ്ങളാണല്ലോ ചരിത്രത്തിലുടനീളം. എന്നാല്‍ മക്കാ വിജയത്തിലെ ജേതാവ് ചരിത്ര സമാനതയില്ലാതെ കടന്നുവന്നത് സമാധാനധ്വനിയുടെ അപോസ്തലനായി.

ഇന്ത്യയിലെന്നല്ല, ലോകത്ത്തന്നെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസമെന്താണ്? ഏതു ഭീകരാക്രമണമോ സ്‌ഫോടനമോ നടന്നുകഴിഞ്ഞ് ഫോറന്‍സിക്‌സംഘം  വന്നു മടങ്ങുംമുമ്പേ, ഇസ്‌ലാം എന്നാല്‍ സമാധാനമാണെന്നും ഒരു നിരപരാധിയെ വധിക്കുന്നവന്‍ ലോകജനതയെ വധിച്ചതിന് തുല്യനാണെന്നുമൊക്കെ നീട്ടിപ്പറഞ്ഞ് ഇസ്‌ലാമിന് കുഴപ്പമൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കേണ്ട ഗതികേടിലാണ് മുസ്‌ലിംകള്‍. മുസ്‌ലിം വന്ദേമാതരം ചൊല്ലുന്നുണ്ടോ, ദേശീയപതാക നെഞ്ചിലേറ്റുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ സ്വന്തം ലേഖകരുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉമാഭാരതി ഇന്ത്യന്‍പതാക നാട്ടാന്‍ ഹുബ്ലിയിലെ ഈദ്ഗാഹിലേക്ക് പറന്നുവന്നപ്പോള്‍ ദല്‍ഹിയില്‍ പതാകയുടെ അര്‍ഥം വിളിച്ചോതുന്ന ജണ്ടേന്‍വാലയിലെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കേന്ദ്ര വളപ്പില്‍ ത്രിവര്‍ണപ്പതാകയേ ഇല്ലാതെപോയത് ആരും കണ്ടില്ല! ചുരുക്കത്തില്‍ ഗോളിയില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ബൂട്ടണിഞ്ഞ് ഒരുപറ്റം!

നിലനില്‍ക്കുന്ന മൈത്രീബന്ധങ്ങളുടെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന പ്രക്രിയകളെ വേരോടെ പിഴുതെറിയാന്‍ ഇരു മുന്നണികള്‍ക്കുമാവണം. ശിരോവസ്ത്രത്തിന്റെ പേരില്‍ അങ്ങകലെ ഫ്രാന്‍സില്‍ നടക്കുന്ന തര്‍ക്കം എന്തിന് മലബാറിലെ ബിലീവേഴ്‌സ്ചര്‍ച്ചിന്റെ പള്ളിക്കൂടത്തില്‍ പറിച്ചുനടണം? പ്രഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ കുത്തും കോമയും ഇടാന്‍ നല്‍കിയ ഉദ്ധരണിയില്‍ എത്ര കുട്ടികള്‍ കുത്തും കോമയും നല്‍കിയെന്നറിഞ്ഞുകൂടാ. പക്ഷേ, ജീവിതത്തിനും മരണത്തിനുമിടയിലെ കുത്തും കോമയുമായി മാറിക്കഴിഞ്ഞു ആ ചോദ്യപേപ്പര്‍. 'കോമ കാന്‍ കില്‍ എ മാന്‍' എന്ന ചൊല്ലുതന്നെ അന്വര്‍ഥമാകുന്ന സ്ഥിതി.

ഇവിടെ മറ്റൊരു ക്രിസ്ത്യന്‍ പ്രഫസറെ പരിചയപ്പെടുത്തട്ടെ. മലയാളിയായ പ്രഫസര്‍ ഇ.ജെ. കെല്ലാട്ടിനെ(1871-1951). ദല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ പ്രഥമ ഹോസ്റ്റല്‍ വാര്‍ഡന്‍. വെളുപ്പിന് പ്രഭാതനമസ്‌കാരത്തിന് ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തി പള്ളിയിലേക്ക് പറഞ്ഞയക്കുന്ന ക്രിസ്ത്യന്‍ അധ്യാപകന്‍ കെല്ലാട്ട്. 1942ല്‍ സ്ഥാപനം സാമ്പത്തികപരാധീനതയിലായ സമയം. അന്ന് ജാമിഅ വൈസ് ചാന്‍സലര്‍ മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ യുവ അധ്യാപകര്‍ അടുത്ത 20 വര്‍ഷത്തേക്ക് പ്രതിമാസം 150 രൂപക്ക് തങ്ങള്‍ ജോലിചെയ്യാം എന്ന് പ്രതിജ്ഞയെടുത്തു. ജാമിഅയുടെ ആജീവനാന്ത അംഗങ്ങളായി മാറിയ ഇവര്‍ രൂപവത്കരിച്ച അഞ്ചുമനെ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ പ്രധാന അംഗമായിരുന്നു ഈ മലയാളി. ഇന്ന് ഒരു ഹോസ്റ്റലും കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളുന്ന ഒരു പവലിയനും ഇ.ജെ. കെല്ലാട്ടിനുള്ള സ്മരണികയായി നിലകൊള്ളുന്നു.

സാമുദായികമൈത്രി തച്ചുടച്ചപ്പോള്‍ നല്‍കേണ്ടിവന്ന വില ഭീമമായിരുന്നുവെന്നത് നമ്മുടെ തന്നെ ചരിത്രം പറയുന്ന സത്യം. ജയിച്ചത് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനുമായിരുന്നില്ല -വെള്ളക്കാരന്റെ വിഭജിച്ച് ഭരിക്കല്‍ നയം! എന്നിട്ടുമെന്തേ നാം പഠിക്കാന്‍ തയാറാകുന്നില്ല? മൗലാനാ അബുല്‍കലാം ആസാദ് ഒരിക്കല്‍ പറഞ്ഞു: 'സഹസ്രാബ്ദങ്ങളായി നാമിവിടെ ഒരുമിച്ച് പാര്‍ക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ഒന്നായിരുന്നു. അപ്പോള്‍ നമ്മുടെ ഭാഷ ഒന്നായി. സാഹിത്യം, സംസ്‌കാരം, കല, വേഷം, സ്വഭാവം, ആചാരം, രീതി എല്ലാം ഒന്നായിത്തീര്‍ന്നു. അവയൊക്കെ വിസ്മരിക്കാന്‍ പറ്റാത്ത നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഏടുകളാണ്. അവക്കു മീതെ നമ്മുടെ കൂട്ടായ ഉദ്യമത്തിന്റെ മുദ്ര  പതിഞ്ഞിരിക്കുന്നു. ഈ കൂട്ടുകെട്ടിലൂടെയുള്ള സ്വത്താണ് പൊതുവായ നമ്മുടെ ദേശീയതയുടെ കാതലായ പൈതൃകം. അവ നമുക്ക് നഷ്ടപ്പെടുത്താനാവില്ല. അതില്‍നിന്നും തിരിച്ചുപോക്ക് ഭാവനാതീതമാണ്' (Abul Kalam A്വad papers, National Archives of India).

താന്‍ മുസ്‌ലിമോ അതോ ഇന്ത്യനോ എന്നു ചോദിച്ച മജിസ്‌ട്രേറ്റിനോട് മൗലാനാ മുഹമ്മദലി പ്രതികരിച്ചത് സംഘര്‍ഷങ്ങളുടെ കളിത്തോഴന്മാര്‍ മനസ്സിരുത്തി വായിക്കണം. 'രാജ്യം, അതിന്റെ മേല്‍ ചുമത്തപ്പെടുന്ന നികുതികള്‍, അതിന്റെ വിളകള്‍, കാലാവസ്ഥ, കൃഷി-ഈ നൂറു നൂറായിരം സമസ്യകള്‍ക്കു മുന്നില്‍, രാജ്യപുരോഗതിയില്‍ കണ്ണുനട്ടിരിക്കവേ എനിക്കെങ്ങനെ പറയാനാവും ഞാനൊരു മുസ്‌ലിമും അവനൊരു ഹിന്ദുവുമെന്ന്?(Proceedings of Karachi Trial, MM Ali papers, Munshi Premchand Archives, New Delhi)
നന്മയും തിന്മയും നീതിയുടെ തുലാസില്‍ നിര്‍ണയിക്കപ്പെടട്ടെ. നമുക്ക് നന്മയുടെയും മൈത്രിയുടെയും കാവലാളാകാം. ഒരു പേര്‍ഷ്യന്‍ ശീര്‍ഷകം ഇവിടെ പ്രസക്തമാകുന്നു. 'തിന്മ ചെയ്യുന്നത് തെറ്റാണ്. തിന്മ ചെയ്യുന്നവരോട് ശത്രുത പുലര്‍ത്തുന്നതോ അതിലേറെ തെറ്റും'. അവസാനമായി മസ്ഹറുല്‍ഹഖിന്റെ വരികള്‍ കൂടി:
നമ്മള്‍ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആവട്ടെ,
നമ്മള്‍ ഒരേ തോണിയിലാണ്,
നമുക്ക് ഒരുമിച്ചു തുഴയാം,
അല്ലെങ്കില്‍
നമുക്ക് ഒരുമിച്ച് മുങ്ങിത്താഴാം.
.

Sunday, July 4, 2010

ജര്‍മന്‍ വിജയത്തിലേക്ക് 'നീരാളിപ്പിടിത്തം'


ജര്‍മന്‍ വിജയത്തിലേക്ക് 'നീരാളിപ്പിടിത്തം'

Monday, July 5, 2010
മുംബൈ: ലോകകപ്പ് ഫുട്ബാളില്‍ ജര്‍മനിക്ക് അനുകൂലമായ പ്രവചനവുമായി പോള്‍ എന്ന നീരാളി വാര്‍ത്തയിലിടം നേടുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതടക്കം നീരാളി പ്രവചിച്ചിരുന്നു എന്നാണ് ബ്ലോഗുകള്‍ വഴിയും പത്രവാര്‍ത്തകളായും പ്രചരിക്കുന്നത്. ഇക്കുറി ലോകകപ്പ് ജര്‍മനി സ്വന്തമാക്കുമെന്നും നീരാളി പ്രവചിച്ചിട്ടുണ്ടത്രെ. ജര്‍മന്‍ പട സെമി ഫൈനലില്‍ കടന്നതോടെ ആ നാടിന്റെ പ്രതീക്ഷയും പോള്‍ എന്ന നീരാളിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നീരാളിയുടെ ആഹാരമുണ്ണലിലൂടെയാണ് പ്രവചനം. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന് രണ്ട് നാള്‍ മുമ്പ് നീരാളിയുടെ വെള്ളക്കൂട്ടില്‍ അര്‍ജന്റീനയുടെയും ജര്‍മനിയുടെയും പതാക പതിച്ച ചില്ലുപാത്രങ്ങളില്‍ ആഹാരം നല്‍കിയായിരുന്നു പരീക്ഷണം. നീരാളി എത്രതവണ ആരുടെ പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്നു എന്നതനുസരിച്ചാണ് മല്‍സരഫലം നീങ്ങുക. 
അര്‍ജന്റീനയുടെ പാത്രത്തിലേക്ക് ഒരിക്കല്‍ പോലും തിരിയാതെ നീരാളി നാല് തവണയത്രെ ജര്‍മനിയുടെ പാത്രത്തില്‍ നിന്ന് ആഹരിച്ചത്. അര്‍ജന്റീനയെ തകര്‍ത്ത വിജയത്തിലൂടെ നീരാളി പ്രവചനത്തിന് പ്രചാരവുമേറി. നീരാളി പ്രവചനത്തിന്റെ രഹസ്യമെന്തെന്ന് വ്യക്തമല്ല. വാതുവെപ്പുകാരുടെ തന്ത്രമാകാമിതെന്നും സംശയിക്കുന്നു.
ഭക്ഷണ പാത്രത്തില്‍ പതിച്ച പതാകയിലൂടെ ജര്‍മനിയുടെ പാത്രം നീരാളി തിരിച്ചറിയുന്നതാകാം തന്ത്രമെന്നും, അതിനായി നീരാളിക്ക് പരിശീലനം ലഭിച്ചതാകാമെന്നും കരുതുന്നവരുണ്ട്. ഈ വാദങ്ങളെ പൊളിക്കാനെന്നോളം ജര്‍മനിയുടെ ആദ്യകളികളുടെ ജയപരാജയവും നീരാളി പ്രവചിച്ചിരുന്നുവെന്നും പ്രചരിക്കുന്നു.

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിമാറ്റി

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിമാറ്റി
 
കൊച്ചി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി കേസില്‍ കുടുങ്ങിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതുകൈ അജ്ഞാത അക്രമി സംഘം വെട്ടിമാറ്റി. ഞായറാഴ്‌ച പള്ളിയില്‍ പോയി വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ പത്തോളം പേരടങ്ങുന്ന സംഘം ജോസഫിനെ ക്രൂരമായി ആക്രമിച്ചത്‌. ആക്രമണത്തില്‍ തലയിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. രാവിലെ 8.30 ഓടെയാണ്‌ സംഭവം. മൂവാറ്റുപുഴ വിശ്വജ്യോതി സ്‌കൂളിനടുത്തുള്ള പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ജോസഫും കുടുംബവും. സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയും അമ്മയുമായിരുന്നു ജോസഫിനൊപ്പം വാഹനത്തിലുണ്‌ ടായിരുന്നത്‌. മെയിന്‍ റോഡില്‍ നിന്ന്‌ വീട്ടിലേക്കുള്ള വഴിയിലേക്ക്‌ കടന്നപ്പോഴാണ്‌ ഒമ്‌നി വാനില്‍ കാത്തിരുന്ന അക്രമി സംഘം ചാടി വീണത്‌. വാഹനം തടഞ്ഞുനിര്‍ത്തി ജോസഫിനെ വലിച്ചിഴച്ച്‌ പുറത്തുചാടിച്ച ശേഷമായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച സിസ്റ്റര്‍ സ്റ്റെല്ലയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ചു. ഓടിക്കൂടിയവരെ ഭയപ്പെടുത്താന്‍ അക്രമികള്‍ പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിയുണ്‌ ടായ പുകമറയില്‍ കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന്‌ സ്റ്റെല്ല പറഞ്ഞു. കോടാലിയും വാളുമുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ്‌ അക്രമികളെത്തിയത്‌. നേരത്തേ മൂന്ന്‌ തവണ ഇവര്‍ വീട്ടിലെത്തി ജോസഫിനെ അന്വേഷിച്ചിട്ടുണ്‌ ടെന്നും സ്റ്റെല്ല വെളിപ്പെടുത്തി. എന്നാല്‍ അന്നൊക്കെ ഭീഷണിപ്പെടുത്തി മടങ്ങുകയായിരുന്നു. ചോദ്യപേപ്പറിലെ പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പായിരിയ്‌ക്കാം ആക്രമണത്തിന്‌ കാരണമെന്നും സ്റ്റെല്ല പറഞ്ഞു. രക്തം വാര്‍ന്ന്‌ അവശനിലയിലായ ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്‌ ടുവന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്‌. പോലീസെത്തിയാണ്‌ അറ്റുപോയ കൈ ആശുപത്രിയിലെത്തിച്ചത്‌. ജോസഫിനെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കുകയാണ്‌. മൂവാറ്റുപുഴ എസ്‌.ഐ. യുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു. ഒരു പ്രത്യേക മതവിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന രീതിയില്‍, ബി കോം പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്‌ ജോസഫിനെതിരെ പോലീസ്‌ കേസെടുത്തിരുന്നു. ന്യൂമാന്‍ കോളേജില്‍ നിന്ന്‌ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്യുകയുമുണ്‌ ടായി. ചോദ്യപേപ്പര്‍ വിവാദമായതിനെത്തുടര്‍ന്ന്‌ ജോസഫ്‌ ഒളിവില്‍ പോയിരുന്നു. പിന്നീട്‌ പോലീസില്‍ കീഴടങ്ങുകയായിരുന്നു. തന്റെ ജീവന്‌ ഭീഷണിയുണ്‌ ടെന്ന്‌ ജോസഫ്‌ നേരത്തേ പരാതിപ്പെട്ടിട്ടുണ്‌ ട്‌.
____________________________________________________

Tuesday, June 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

Tuesday, June 29, 2010
ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്.

Saturday, June 26, 2010

'വധു' യുവാവായി

നേരിട്ടുകണ്ട് താന്‍ ഒരുപാട് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു. ആദ്യരാത്രി കല്യാണപ്പെണ്ണ് ആണായി. ലക്നൌ സ്വദേശിയായ ഗംഗാറാംതിവാരി എന്ന മുപ്പതുകാരനാണ് ഇങ്ങനെയൊരു പറ്റുപറ്റിയത്. ഇയാളുടെ പരാതിയെത്തുടര്‍ന്ന് 'വധുവിനെ' പൊലീസ് പിടികൂടി. ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചുനല്‍കിയവര്‍ക്കായി തിരച്ചിലാരംഭിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഗംഗാറാം പെണ്ണന്വേഷിച്ച് തുടങ്ങിയത്. ബന്ധുക്കള്‍ ഇതിനായി ചില ബ്രോക്കര്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ നഗരത്തിലുള്ള ബ്രോക്കര്‍മാരായ ധീരാജ് തിവാരിയും ഭാര്യയും ചേര്‍ന്ന് ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചു. പെണ്ണിനെ കണ്ടതോടെ ഗംഗാറാമിനും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെട്ടു. പൊരുത്തങ്ങള്‍ നോക്കിയപ്പോള്‍ അതും ഉത്തമം.

ലക്നൌവിന് സമീപത്തുതന്നെയാണ് പെണ്‍കുട്ടിയുടെ വീടും. എല്ലാംകൊണ്ടും നല്ല ബന്ധം. അതോടെ ഗംഗാറാം സമ്മതം മൂളി. ബന്ധുക്കള്‍ക്കും എതിര്‍പ്പില്ല. നല്ലൊരു ബന്ധം ഒപ്പിച്ചുകൊടുത്തതിന് മുപ്പതിനായിരം രൂപയാണ് അവര്‍ ഫീസായി ചോദിച്ചത്. സന്തോഷത്തോടെ അത് നല്‍കുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. താന്‍ കണ്ടുമോഹിച്ച് കെട്ടിയ 'പെണ്ണ്' ഒരു യുവാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ഇതോടെ ഗംഗാറാം ആകെ തകര്‍ന്നു. അയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വധുവിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ പൊലീസ് ഞെട്ടിപ്പോയി. പയ്യന്റെ 18-ാമത്തെ ഇരയാണത്രേ ഗംഗാറാം. ഇതോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കല്യാണം തരപ്പെടുത്തിയ ബ്രോക്കര്‍ ദമ്പതികള്‍ മുങ്ങി. തട്ടിപ്പ് സംഘത്തില്‍ ഇനിയും അംഗങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്

Reported by Kerala Kaumudi
09th June 2010 11:28:15 AM