പ്രിയപ്പെട്ട പ്രഫ. ജോസഫ്,
താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദുഃഖിക്കുന്നു, ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നതുകേള്‍ക്കാന്‍ ആരും തയാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്‌മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ് 'മുഹമ്മദ്' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ് ഒരു സാധാരണ പൗരനല്ല. അറിവും വിവേകവും ലോക പരിചയവും യുക്തിബോധവുമെല്ലാമുള്ള കോളജ് പ്രഫസറാണ്. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് നബി സ്‌നേഹ പ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്‌ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈവിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്നു വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ഠിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുകയാണുണ്ടായതെന്ന് താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തില്‍പ്പെട്ടവരായതിനാല്‍ ആ മതത്തില്‍പ്പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്‌ലാം മതക്കാരുടെ 'പടച്ചോനെ' തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയാറാകുമോ? ദൈവത്തിന് 'നായിന്റെമോനേ' എന്നു വിളിക്കാനായി തോമസ്, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയാറാകുമോ?
ഈശ്വര വിശ്വാസം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെ മോനേ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പറഞ്ഞ മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ് പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളുമടങ്ങുന്ന ക്രൈസ്തവ സംസ്‌കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?
ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയാറാക്കിയ പ്രവാചക നിന്ദയുള്‍പ്പെടെ മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിങ്ടണിന്റെ 'ക്രൈസ്തവ ഇസ്‌ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്‌ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ ഭീകരതാണ്ഡവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലൗജിഹാദ്, പ്രവാചക നിന്ദ, മഫ്ത ധരിക്കല്‍ പ്രശ്‌നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൗ ജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണക്കഥ തികഞ്ഞ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവ കേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്‌ലിം പള്ളി മിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിച്ചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളേയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ മുസ്‌ലിം സംഘടനകളുടെ തലയില്‍ കെട്ടിവെച്ചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്‌ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീചപ്രവൃത്തികളാണവയെന്ന് തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny-(ന്യൂയോര്‍ക്ക്) 11427, U.S.A. പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication P.B 47, Ankamali, Kerala 683572.
ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ഞാന്‍ പറഞ്ഞത്.
ഇത്രയുമെഴുതിയത് താങ്കള്‍ക്കുനേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഡോ. എം.എസ്. ജയപ്രകാശ്
ഗുല്‍വിഹാര്‍, കൊല്ലം
.