Tuesday, June 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

Tuesday, June 29, 2010
ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്.

Saturday, June 26, 2010

'വധു' യുവാവായി

നേരിട്ടുകണ്ട് താന്‍ ഒരുപാട് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു. ആദ്യരാത്രി കല്യാണപ്പെണ്ണ് ആണായി. ലക്നൌ സ്വദേശിയായ ഗംഗാറാംതിവാരി എന്ന മുപ്പതുകാരനാണ് ഇങ്ങനെയൊരു പറ്റുപറ്റിയത്. ഇയാളുടെ പരാതിയെത്തുടര്‍ന്ന് 'വധുവിനെ' പൊലീസ് പിടികൂടി. ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചുനല്‍കിയവര്‍ക്കായി തിരച്ചിലാരംഭിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഗംഗാറാം പെണ്ണന്വേഷിച്ച് തുടങ്ങിയത്. ബന്ധുക്കള്‍ ഇതിനായി ചില ബ്രോക്കര്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ നഗരത്തിലുള്ള ബ്രോക്കര്‍മാരായ ധീരാജ് തിവാരിയും ഭാര്യയും ചേര്‍ന്ന് ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചു. പെണ്ണിനെ കണ്ടതോടെ ഗംഗാറാമിനും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെട്ടു. പൊരുത്തങ്ങള്‍ നോക്കിയപ്പോള്‍ അതും ഉത്തമം.

ലക്നൌവിന് സമീപത്തുതന്നെയാണ് പെണ്‍കുട്ടിയുടെ വീടും. എല്ലാംകൊണ്ടും നല്ല ബന്ധം. അതോടെ ഗംഗാറാം സമ്മതം മൂളി. ബന്ധുക്കള്‍ക്കും എതിര്‍പ്പില്ല. നല്ലൊരു ബന്ധം ഒപ്പിച്ചുകൊടുത്തതിന് മുപ്പതിനായിരം രൂപയാണ് അവര്‍ ഫീസായി ചോദിച്ചത്. സന്തോഷത്തോടെ അത് നല്‍കുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. താന്‍ കണ്ടുമോഹിച്ച് കെട്ടിയ 'പെണ്ണ്' ഒരു യുവാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ഇതോടെ ഗംഗാറാം ആകെ തകര്‍ന്നു. അയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വധുവിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ പൊലീസ് ഞെട്ടിപ്പോയി. പയ്യന്റെ 18-ാമത്തെ ഇരയാണത്രേ ഗംഗാറാം. ഇതോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കല്യാണം തരപ്പെടുത്തിയ ബ്രോക്കര്‍ ദമ്പതികള്‍ മുങ്ങി. തട്ടിപ്പ് സംഘത്തില്‍ ഇനിയും അംഗങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്

Reported by Kerala Kaumudi
09th June 2010 11:28:15 AM