Friday, August 6, 2010

ആയിഷയുടെ ആദ്യ അഭിമുഖം പുറത്തുവന്നു.

കാബൂള്‍: അഫ്ഗാന്‍ ദുരവസ്ഥയുടെ പ്രതീകമായി ടൈം മാഗസിന്‍ കവര്‍ചിത്രമാക്കിയ അയിഷയെന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വിശദ അഭിമുഖം പുറത്തുവന്നു. ആയിഷ എന്ന പേരിനപ്പുറം കൂടുതലൊന്നും പുറത്തറിയാതിരുന്ന പെണ്‍കുട്ടിയെ 'ന്യൂയോര്‍ക് ടൈംസ്' ലേഖകന്‍ റോഡ് നോര്‍ദ്‌ലാന്റാണ് അഫ്ഗാനിലെ വനിതാ പുനരധിവാസകേന്ദ്രത്തില്‍ കണ്ടെത്തിയത്. തന്റെ കവര്‍ ചിത്രവുമായി ബന്ധപ്പെട്ട് ലോകത്ത് വാദപ്രതിവാദങ്ങള്‍ നടക്കുന്നതറിയാതെ പെണ്‍കുട്ടി ചികില്‍സക്കായി യു.എസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് അഭിമുഖത്തിന് തയാറായത്. 


അഫ്ഗാന്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'വിമന്‍ ഫോര്‍ അഫ്ഗാന്‍ വിമന്‍' എന്ന സന്നദ്ധ സംഘടന കാബൂളിനടുത്ത് നടത്തുന്ന രഹസ്യസങ്കേതത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 10 മാസമായി ഇവിടെ കഴിയുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ചികില്‍സയിലൂടെ, തന്റെ മൂക്കും ചെവികളും പഴയ സ്ഥിതിയിലാവണമെന്ന പ്രാര്‍ഥനയേ തനിക്കുള്ളൂ എന്നും അവള്‍ പറഞ്ഞു. ഉറുസ്ഗാന്‍ പ്രവിശ്യയിലെ സാധാരണ കുടുംബാംഗമാണ് താനെന്ന് പെണ്‍കുട്ടി പറഞ്ഞു. ആയിഷ എന്നാണ്  പേര്. അമ്മാവന്‍ ഒരാളെ യാദൃച്ഛികമായി വധിച്ചതിനെതുടര്‍ന്നാണ് കഷ്ടകാലം തുടങ്ങുന്നത്. ദയാധനം നല്‍കാത്തതിനെ തുടര്‍ന്ന്   തന്നെയും അനിയത്തിയെയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി. പ്രദേശത്തെ താലിബാന്‍ നേതാവിന്റെ വീടായിരുന്നു അത്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഗോത്രരീതിയാണത്. അന്ന് 12 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ താലിബാന്‍ നേതാവ് തന്നെ വിവാഹം ചെയ്തു. ഏറെക്കാലവും ഒളിവിലായിരുന്നു. ഭര്‍തൃവീട്ടുകാര്‍ അടിമയെപ്പോലെയാണ് തന്നോടും അനിയത്തിയോടും പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. 


പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം കാന്തഹാര്‍ പ്രവിശ്യയില്‍ വെച്ച് ഭര്‍ത്താവ് പിടികൂടി ഉറുസ്ഗാനില്‍ കൊണ്ടുവന്നു. അവിടെവെച്ചാണ് ഇരുചെവികളും മൂക്കും അരിഞ്ഞത്. രക്തത്തില്‍ കുളിച്ച തന്നെ ആരോ രക്ഷപ്പെടുത്തി. യു.എസ് സന്നദ്ധ പ്രവര്‍ത്തകരാണ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. ചികില്‍സക്കു ശേഷമാണ് മാനസികാരോഗ്യം തിരിച്ചുകിട്ടിയത്. 'ടൈം' പ്രവര്‍ത്തകരുടെ താല്‍പര്യപ്രകാരമാണ് യു.എസിലെ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. 14മാസം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് അമേരിക്കയിലേക്ക് തിരിച്ചത്. 10 വയസ്സുകാരി അനുജത്തിയുടെ കാര്യമോര്‍ത്താണ് ഭയമെന്ന് ആയിഷ പറഞ്ഞു. 'അവളിപ്പോഴും അവരുടെ വീട്ടിലാണ്. അവര്‍ എല്ലാ വെറുപ്പും അവളില്‍ തീര്‍ക്കും. എന്റെ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടിയെ പകരം ആവശ്യപ്പെടാനും സാധ്യതയുണ്ട് - അവള്‍ പറയുന്നു. 

2 comments: