Thursday, July 15, 2010

ജീവന്റെ കുത്തും കോമയും


ജീവന്റെ കുത്തും കോമയും

Wednesday, July 14, 2010
പി.വി. യാസിര്‍, ദല്‍ഹി

മുന്‍വിധികളും കുല്‍സിത താല്‍പര്യങ്ങളും അധീശത്വം വാഴുമ്പോള്‍ പരസ്‌പരം അറിയാനും അടുക്കാനും അവസരങ്ങള്‍ അപ്രത്യക്ഷമാകും. നാലാം ലോക യുദ്ധത്തില്‍ അമ്പും വില്ലുമായിരിക്കും ആയുധമെന്ന് പറഞ്ഞ പ്രസിദ്ധനായ ആന്ത്രപോളജിസ്റ്റ് വളര്‍ച്ചയുടെ തളര്‍ച്ചയാണ് അടിവരയിടുന്നത്.

പ്രവാചകനിന്ദ ഏതോ കൊച്ചുവെളുപ്പാന്‍ കാലത്ത് ഒരു ഡെന്മാര്‍ക്ക് കാര്‍ട്ടൂണിസ്റ്റിന്റെ ബ്രഷിലോ റുഷ്ദിയുടെ സാത്താനികശബ്ദങ്ങളിലോ ന്യൂമാന്‍ കോളജിന്റെ മലയാളം ചോദ്യപേപ്പറിലോ തുടങ്ങിയതല്ല. പ്രവാചകന്റെ കാലം തൊട്ടേ ഉണ്ട്. എന്നാല്‍, അവയോരോന്നും പ്രവാചകന്റെ മഹനീയവ്യക്തിത്വത്തിന്റെ കനകാധ്യായങ്ങളിലെ വര്‍ണപ്പകിട്ടാര്‍ന്ന ചിത്രങ്ങളായിരുന്നു. സ്വന്തം പൂമേനിയിലേക്ക് ചവറ് വാരിയെറിഞ്ഞ പെണ്‍കുട്ടിയുടെ ദീനം ആരാഞ്ഞു, മുഹമ്മദ്‌നബി. മസ്ജിദുന്നബവിയില്‍ മൂത്രമൊഴിച്ച നാട്ടിന്‍പുറത്തുകാരനെതിരെ പ്രതികാരമരുതെന്ന് അനുചരന്മാരോട് കല്‍പിച്ചു. അങ്കം ജയിച്ച് വിജയശ്രീലാളിതരായി ചുവടുവെക്കവേ എതിരാളികളുടെ ശിരസ്സുകള്‍ക്കു മുകളില്‍ താണ്ഡവമാടിയ പടയോട്ടങ്ങളാണല്ലോ ചരിത്രത്തിലുടനീളം. എന്നാല്‍ മക്കാ വിജയത്തിലെ ജേതാവ് ചരിത്ര സമാനതയില്ലാതെ കടന്നുവന്നത് സമാധാനധ്വനിയുടെ അപോസ്തലനായി.

ഇന്ത്യയിലെന്നല്ല, ലോകത്ത്തന്നെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസമെന്താണ്? ഏതു ഭീകരാക്രമണമോ സ്‌ഫോടനമോ നടന്നുകഴിഞ്ഞ് ഫോറന്‍സിക്‌സംഘം  വന്നു മടങ്ങുംമുമ്പേ, ഇസ്‌ലാം എന്നാല്‍ സമാധാനമാണെന്നും ഒരു നിരപരാധിയെ വധിക്കുന്നവന്‍ ലോകജനതയെ വധിച്ചതിന് തുല്യനാണെന്നുമൊക്കെ നീട്ടിപ്പറഞ്ഞ് ഇസ്‌ലാമിന് കുഴപ്പമൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കേണ്ട ഗതികേടിലാണ് മുസ്‌ലിംകള്‍. മുസ്‌ലിം വന്ദേമാതരം ചൊല്ലുന്നുണ്ടോ, ദേശീയപതാക നെഞ്ചിലേറ്റുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ സ്വന്തം ലേഖകരുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉമാഭാരതി ഇന്ത്യന്‍പതാക നാട്ടാന്‍ ഹുബ്ലിയിലെ ഈദ്ഗാഹിലേക്ക് പറന്നുവന്നപ്പോള്‍ ദല്‍ഹിയില്‍ പതാകയുടെ അര്‍ഥം വിളിച്ചോതുന്ന ജണ്ടേന്‍വാലയിലെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കേന്ദ്ര വളപ്പില്‍ ത്രിവര്‍ണപ്പതാകയേ ഇല്ലാതെപോയത് ആരും കണ്ടില്ല! ചുരുക്കത്തില്‍ ഗോളിയില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ബൂട്ടണിഞ്ഞ് ഒരുപറ്റം!

നിലനില്‍ക്കുന്ന മൈത്രീബന്ധങ്ങളുടെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന പ്രക്രിയകളെ വേരോടെ പിഴുതെറിയാന്‍ ഇരു മുന്നണികള്‍ക്കുമാവണം. ശിരോവസ്ത്രത്തിന്റെ പേരില്‍ അങ്ങകലെ ഫ്രാന്‍സില്‍ നടക്കുന്ന തര്‍ക്കം എന്തിന് മലബാറിലെ ബിലീവേഴ്‌സ്ചര്‍ച്ചിന്റെ പള്ളിക്കൂടത്തില്‍ പറിച്ചുനടണം? പ്രഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ കുത്തും കോമയും ഇടാന്‍ നല്‍കിയ ഉദ്ധരണിയില്‍ എത്ര കുട്ടികള്‍ കുത്തും കോമയും നല്‍കിയെന്നറിഞ്ഞുകൂടാ. പക്ഷേ, ജീവിതത്തിനും മരണത്തിനുമിടയിലെ കുത്തും കോമയുമായി മാറിക്കഴിഞ്ഞു ആ ചോദ്യപേപ്പര്‍. 'കോമ കാന്‍ കില്‍ എ മാന്‍' എന്ന ചൊല്ലുതന്നെ അന്വര്‍ഥമാകുന്ന സ്ഥിതി.

ഇവിടെ മറ്റൊരു ക്രിസ്ത്യന്‍ പ്രഫസറെ പരിചയപ്പെടുത്തട്ടെ. മലയാളിയായ പ്രഫസര്‍ ഇ.ജെ. കെല്ലാട്ടിനെ(1871-1951). ദല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ പ്രഥമ ഹോസ്റ്റല്‍ വാര്‍ഡന്‍. വെളുപ്പിന് പ്രഭാതനമസ്‌കാരത്തിന് ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തി പള്ളിയിലേക്ക് പറഞ്ഞയക്കുന്ന ക്രിസ്ത്യന്‍ അധ്യാപകന്‍ കെല്ലാട്ട്. 1942ല്‍ സ്ഥാപനം സാമ്പത്തികപരാധീനതയിലായ സമയം. അന്ന് ജാമിഅ വൈസ് ചാന്‍സലര്‍ മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ യുവ അധ്യാപകര്‍ അടുത്ത 20 വര്‍ഷത്തേക്ക് പ്രതിമാസം 150 രൂപക്ക് തങ്ങള്‍ ജോലിചെയ്യാം എന്ന് പ്രതിജ്ഞയെടുത്തു. ജാമിഅയുടെ ആജീവനാന്ത അംഗങ്ങളായി മാറിയ ഇവര്‍ രൂപവത്കരിച്ച അഞ്ചുമനെ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ പ്രധാന അംഗമായിരുന്നു ഈ മലയാളി. ഇന്ന് ഒരു ഹോസ്റ്റലും കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളുന്ന ഒരു പവലിയനും ഇ.ജെ. കെല്ലാട്ടിനുള്ള സ്മരണികയായി നിലകൊള്ളുന്നു.

സാമുദായികമൈത്രി തച്ചുടച്ചപ്പോള്‍ നല്‍കേണ്ടിവന്ന വില ഭീമമായിരുന്നുവെന്നത് നമ്മുടെ തന്നെ ചരിത്രം പറയുന്ന സത്യം. ജയിച്ചത് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനുമായിരുന്നില്ല -വെള്ളക്കാരന്റെ വിഭജിച്ച് ഭരിക്കല്‍ നയം! എന്നിട്ടുമെന്തേ നാം പഠിക്കാന്‍ തയാറാകുന്നില്ല? മൗലാനാ അബുല്‍കലാം ആസാദ് ഒരിക്കല്‍ പറഞ്ഞു: 'സഹസ്രാബ്ദങ്ങളായി നാമിവിടെ ഒരുമിച്ച് പാര്‍ക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ഒന്നായിരുന്നു. അപ്പോള്‍ നമ്മുടെ ഭാഷ ഒന്നായി. സാഹിത്യം, സംസ്‌കാരം, കല, വേഷം, സ്വഭാവം, ആചാരം, രീതി എല്ലാം ഒന്നായിത്തീര്‍ന്നു. അവയൊക്കെ വിസ്മരിക്കാന്‍ പറ്റാത്ത നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഏടുകളാണ്. അവക്കു മീതെ നമ്മുടെ കൂട്ടായ ഉദ്യമത്തിന്റെ മുദ്ര  പതിഞ്ഞിരിക്കുന്നു. ഈ കൂട്ടുകെട്ടിലൂടെയുള്ള സ്വത്താണ് പൊതുവായ നമ്മുടെ ദേശീയതയുടെ കാതലായ പൈതൃകം. അവ നമുക്ക് നഷ്ടപ്പെടുത്താനാവില്ല. അതില്‍നിന്നും തിരിച്ചുപോക്ക് ഭാവനാതീതമാണ്' (Abul Kalam A്വad papers, National Archives of India).

താന്‍ മുസ്‌ലിമോ അതോ ഇന്ത്യനോ എന്നു ചോദിച്ച മജിസ്‌ട്രേറ്റിനോട് മൗലാനാ മുഹമ്മദലി പ്രതികരിച്ചത് സംഘര്‍ഷങ്ങളുടെ കളിത്തോഴന്മാര്‍ മനസ്സിരുത്തി വായിക്കണം. 'രാജ്യം, അതിന്റെ മേല്‍ ചുമത്തപ്പെടുന്ന നികുതികള്‍, അതിന്റെ വിളകള്‍, കാലാവസ്ഥ, കൃഷി-ഈ നൂറു നൂറായിരം സമസ്യകള്‍ക്കു മുന്നില്‍, രാജ്യപുരോഗതിയില്‍ കണ്ണുനട്ടിരിക്കവേ എനിക്കെങ്ങനെ പറയാനാവും ഞാനൊരു മുസ്‌ലിമും അവനൊരു ഹിന്ദുവുമെന്ന്?(Proceedings of Karachi Trial, MM Ali papers, Munshi Premchand Archives, New Delhi)
നന്മയും തിന്മയും നീതിയുടെ തുലാസില്‍ നിര്‍ണയിക്കപ്പെടട്ടെ. നമുക്ക് നന്മയുടെയും മൈത്രിയുടെയും കാവലാളാകാം. ഒരു പേര്‍ഷ്യന്‍ ശീര്‍ഷകം ഇവിടെ പ്രസക്തമാകുന്നു. 'തിന്മ ചെയ്യുന്നത് തെറ്റാണ്. തിന്മ ചെയ്യുന്നവരോട് ശത്രുത പുലര്‍ത്തുന്നതോ അതിലേറെ തെറ്റും'. അവസാനമായി മസ്ഹറുല്‍ഹഖിന്റെ വരികള്‍ കൂടി:
നമ്മള്‍ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആവട്ടെ,
നമ്മള്‍ ഒരേ തോണിയിലാണ്,
നമുക്ക് ഒരുമിച്ചു തുഴയാം,
അല്ലെങ്കില്‍
നമുക്ക് ഒരുമിച്ച് മുങ്ങിത്താഴാം.
.

No comments:

Post a Comment