Thursday, July 15, 2010

രൂപക്ക് സ്വന്തം ചിഹ്‌നം



Friday, July 16, 2010
ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപക്ക് ഡോളറിനും മറ്റുമെന്നപോലെ സ്വന്തം ചിഹ്‌നം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ രൂപയെ ചിഹ്‌നം കൊണ്ട് വേറിട്ടു സൂചിപ്പിക്കാന്‍ കഴിയുന്ന വിധം തയാറാക്കിയ ചിഹ്‌നം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വേറിട്ട ചിഹ്‌നമുള്ള ലോകത്തെ അഞ്ചാമത്തെ കറന്‍സിയായി ഇതോടെ ഇന്ത്യന്‍ രൂപ മാറും. 
ദേവനാഗരിയിലെ 'ര'(ര)യും റോമന്‍ ലിപിയിലെ 'ആറും' (R) സംയോജിപ്പിച്ച് ഐ.ഐ.ടി ബിരുദാനന്തര ബിരുദക്കാരനായ ഡി. ഉദയകുമാര്‍ തയാറാക്കിയ ചിഹ്‌നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടര ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നതിനൊപ്പം ഓരോ ഇന്ത്യന്‍ കറന്‍സിയും ഭാവിയില്‍ പുറത്തിറങ്ങുന്നത് ഉദയകുമാറിന്റെ ചിഹ്‌നം ആലേഖനം ചെയ്തായിരിക്കും. 3,000ഓളം ഡിസൈനുകളാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്. അവസാന ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട അഞ്ചു മാതൃകകളില്‍ ഒന്ന് തലശ്ശേരിക്കാരനായ കെ.കെ ഷിബിന്‍ തയാറാക്കിയതായിരുന്നു. അദ്ദേഹത്തിന് 25,000 രൂപ പ്രോത്‌സാഹന സമ്മാനമായി ലഭിക്കും. 
ഡോളറിന് പുറമെ, പൗണ്ട്, യൂറോ, യെന്‍ എന്നിവക്കാണ് സ്വന്തം ചിഹ്‌നമുള്ളത്. ഇന്ത്യന്‍ രൂപയും നാണയങ്ങളും പുതിയ ചിഹ്‌നത്തോടെ ആറു മാസത്തിനകം പുറത്തിറങ്ങുമെന്നും ആഗോള തലത്തില്‍ രണ്ടു കൊല്ലത്തിനകം പ്രചാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി വിശദീകരിച്ചു.  
പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കറന്‍സിയും രൂപയാണെന്നിരിക്കേ, ഇന്ത്യന്‍ രൂപ പുതിയ ചിഹ്‌നം കൊണ്ട് വേറിട്ടു നില്‍ക്കും.

ഇനിയും കാത്തിരിക്കണം
ന്യൂദല്‍ഹി: രൂപക്ക് ഒടുവില്‍ അഭിമാനിക്കാന്‍ ഒരു ചിഹ്‌നമായെങ്കിലും ഇതിന്റെ ഉപയോഗം സാധ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ആഗോളതലത്തില്‍ രൂപ ചിഹ്‌നം ഉപയോഗിച്ചു തുടങ്ങാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എന്നാല്‍, വലിയ കാത്തിരിപ്പൊന്നും കൂടാതെ വേണമെങ്കില്‍ ഇന്ത്യയില്‍ ഇത് ഉപയോഗിച്ചു തുടങ്ങാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ 'ഫോണ്ട്' നിര്‍മിക്കുന്നവര്‍ക്ക് ഇത് രൂപപ്പെടുത്താം. എന്നാല്‍, വ്യാപകമായ ഉപയോഗത്തിന് യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതി ഈ ചിഹ്‌നം അംഗീകരിക്കേണ്ടതുണ്ട്. രാജ്യാന്തര തലത്തില്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കുംവിധം വികസിപ്പിക്കുന്നതിനും ആഗോളതലത്തില്‍ ഉപയോഗിക്കുന്ന അക്കങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂനികോഡ് കണ്‍സോര്‍ട്യം. ഇന്ത്യ ഈ കണ്‍സോര്‍ട്യത്തില്‍ അംഗമായതിനാല്‍ രൂപയുടെ ചിഹ്‌നത്തിന് അംഗീകാരം ലഭിക്കുക പ്രയാസമുള്ള കാര്യമല്ല. 
എന്നാല്‍,  യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതിയുടെ അടുത്ത യോഗം ഒക്‌ടോബറിലാണ്. യൂനികോഡ് സമിതിയുടെ അംഗീകാരം  ലഭിച്ചാല്‍  രാജ്യാന്തര നിലവാരമായ ഐ.എസ്.ഒ/ ഐ.ഇ.എസ് 10646ലും ഉള്‍പ്പെടുത്തപ്പെടാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലെ നിലവിലെ പട്ടികയില്‍ ഭേദഗതി വരുത്തി കമ്പ്യൂട്ടര്‍ ലിപികളുടെ ഇന്ത്യന്‍ നിലവാരമായ ഇന്ത്യന്‍ സ്‌ക്രിപ്റ്റ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചിലും ഉള്‍പ്പെടുത്താം. 

No comments:

Post a Comment