Tuesday, July 20, 2010

ചെന്നൈയില്‍ മലയാളി ബാലനെ പിതാവിന്റെ കാമുകി കൊന്ന് പെട്ടിയിലടച്ച് അഴുക്കുചാലില്‍ തള്ളി


Wednesday, July 21, 2010
ചെന്നൈ: നാലു വയസ്സുള്ള മലയാളി ബാലനെ കൊന്ന് സൂട്ട്‌കേസിലാക്കി 300 കിലോമീറ്റര്‍ അകലെ അഴുക്കുചാലില്‍ തള്ളിയ തമിഴ്‌നാട്ടുകാരി അറസ്റ്റിലായി. ചെന്നൈ ത്യാഗരാജനഗറിലെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും ഭാര്യ ആനന്ദലക്ഷ്മിയുടെയും മൂത്ത മകന്‍ ആദിത്യയാണ് കൊല്ലപ്പെട്ടത്. ജയകുമാറിന്റെ ഓഫിസിലെ ജീവനക്കാരി വെല്ലൂര്‍ ആരണി സ്വദേശിനി പൂവരശി(30) ആണ് കൊല നടത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും  പൊലീസ് അറിയിച്ചു. പൂവരശിയുടെ വിവാഹാഭ്യര്‍ഥന കാമുകനായ ജയകുമാര്‍ നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലക്കു കാരണം.

സ്‌കൂള്‍ അവധിയായതിനാല്‍ ശനിയാഴ്ച ജയകുമാറിനൊപ്പം ഓഫിസിലെത്തിയ ആദിത്യയെ തന്റെ ഹോസ്റ്റല്‍ വാര്‍ഷികാഘോഷം കാണിക്കാമെന്നു പറഞ്ഞ് പൂവരശി കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരമായിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ജയകുമാര്‍ പൂവരശി താമസിക്കുന്ന ഹോസ്റ്റലിലെത്തി. റോഡില്‍ മയങ്ങിവീണ പൂവരശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹോസ്റ്റലിലുള്ളവര്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ ജയകുമാറിനോട് താന്‍ കുട്ടിയെയും കൂട്ടി ബ്രോഡ്‌വേയിലൂടെ നടക്കുമ്പോള്‍ മയങ്ങിവീണെന്നും കുട്ടിക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പൂവരശി പറഞ്ഞു. തുടര്‍ന്ന് ഇരുവരും കുട്ടിയെ കാണാനില്ലെന്നു കാണിച്ച്  പൊലീസില്‍ പരാതി നല്‍കി.
ഞായറാഴ്ച നാഗപട്ടണം ബസ്‌സ്റ്റാന്‍ഡിനടുത്ത് അഴുക്കുചാലില്‍ സൂട്ട്‌കേസിലാക്കിയ നിലയില്‍ നാലു വയസ്സുകാരന്റെ ജഡം ലഭിച്ചു. മാതാവ് ആനന്ദലക്ഷ്മി എത്തി ജഡം തിരിച്ചറിഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എം.എസ്‌സി ബിരുദധാരിണിയായ പൂവരശി നേരത്തേ ചെന്നൈയിലെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ മേലധികാരിയായ ജയകുമാറുമായി പ്രണയത്തിലായി. പിന്നീട് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പുതിയ സ്ഥാപനത്തില്‍ ചേര്‍ന്ന ജയകുമാര്‍ ചെന്നൈയിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ആനന്ദലക്ഷ്മിയെ വിവാഹം കഴിച്ചു.
ആദ്യ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട പൂവരശി സ്വദേശമായ ആരണിയിലേക്ക് മടങ്ങി. തുടര്‍ന്ന് ഏതാനും വര്‍ഷം ഇരുവരുമായും ബന്ധമുണ്ടായിരുന്നില്ല. ഏതാനും മാസം മുമ്പ് ഇരുവരും വീണ്ടും സെല്‍ഫോണില്‍ ബന്ധപ്പെട്ടുതുടങ്ങി. വീണ്ടും ചെന്നൈയിലെത്തിയ പൂവരശിക്ക്  ജയകുമാര്‍ തന്റെ സ്ഥാപനത്തില്‍ ജോലി ശരിയാക്കി. പൂവരശിയെ രണ്ടാം വിവാഹം കഴിക്കാമെന്ന് ജയകുമാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍, പൂവരശി വിവാഹത്തിന് തിടുക്കം കൂട്ടിയതോടെ ജയകുമാര്‍ കൈയൊഴിഞ്ഞു.

മക്കളായ ആദിത്യയോടും നിവേദിതയോടുമുള്ള സ്‌നേഹം മൂലമാണ് ജയകുമാര്‍ തന്നെ കൈയൊഴിഞ്ഞതെന്ന് ധരിച്ച പൂവരശി ആദിത്യയെ കൊല്ലാന്‍ തീരുമാനിച്ചു. ശനിയാഴ്ച കുട്ടിയെയും കൊണ്ട് ഹോസ്റ്റല്‍ മുറിയിലെത്തി കഴുത്തില്‍ കയറിട്ടു മുറുക്കി കൊന്നു. തിരിച്ചറിയാതിരിക്കാന്‍ ജഡത്തിന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തു. പിന്നീട് തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി. വികൃതമായ ജഡം സൂട്ട്‌കേസിലടച്ച് മുറിയില്‍ സൂക്ഷിച്ചു. ശേഷം ബ്രോഡ്‌വേയിലെത്തിയ പൂവരശി റോഡില്‍ മയങ്ങിവീണതായി അഭിനയിച്ചു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പൂവരശിയും ജയകുമാറിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി.

രാത്രി 11 മണിയോടെ ഹോസ്റ്റലില്‍ മടങ്ങിയെത്തിയ പൂവരശി ജഡം അടങ്ങിയ സൂട്ട്‌കേസുമായി അപ്പോള്‍തന്നെ ഓട്ടോറിക്ഷയില്‍ കോയമ്പേട് ബസ്‌സ്റ്റാന്‍ഡിലെത്തി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നാഗപട്ടണത്തെത്തി സൂട്ട്‌കേസ് അഴുക്കുചാലില്‍ ഉപേക്ഷിച്ചു. അന്നു രാത്രിതന്നെ ചെന്നൈയില്‍ മടങ്ങിയെത്തിയ പൂവരശി പിറ്റേന്ന് ജയകുമാറിനൊപ്പം കുട്ടിക്കുവേണ്ടിയുള്ള തെരച്ചിലിലും പങ്കാളിയായി. ഇന്നലെ പൊലീസ് ചോദ്യം ചെയ്യലില്‍ പൂവരശി കൂസലില്ലാതെ കുറ്റസമ്മതം നടത്തി. പൂവരശിയെ നാഗപട്ടണം പൊലീസിന് കൈമാറുമെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.

അക്ബറലി പുതുനഗരം
.

No comments:

Post a Comment